ലൂർദ് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിന് തുടക്കം
കോട്ടയം: ലൂർദ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. തിരുനാളിന് ഫൊറോന വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. വർക്കി മണക്കളം കാർമികത്വം വഹിച്ചു.
ഇന്ന് മുതൽ അഞ്ചാം തീയതി വരെയും ഏഴാം തീയതിയും വൈകിട്ട് 4.45ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ആറിന് വൈകിട്ട് 4.30ന് ജപമാലയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് പള്ളിക്കൽ, ഫാ. സിറിയക്ക് കാഞ്ഞിരത്തുംമൂട്ടിൽ, ഫാ. യോഹന്നാൻ കട്ടത്തറ, ഫാ. ജോൺ പടിഞ്ഞാറേവീട് സി.എം.ഐ, ഫാ. സിറിൽ കളരിക്കൽ, ഫാ. വിൽസൺ ചാവറ സി.എം.ഐ, ഫാ. ആന്റണി മണക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് വിശുദ്ധ കുർബാനയ്ക്കുശേഷം സ്കൂൾ ഗ്രോട്ടോയിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടക്കും.
പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയും പ്രസംഗവും നടക്കും. ഫാ. മാത്യു കാവനാട്ട് പ്രസംഗിക്കും. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും കൊടിയിറക്കവും നടക്കും.





