തിരുവോണനാളിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
തൊടുപുഴ: തിരുവോണനാളിൽ പെരുമ്പിള്ളിച്ചിറയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടുവം സ്വദേശി ദാറുൾസലാഹ് വീട്ടിൽ ഇസ്മായിൽ (34) ആണ് പിടിയിലായത്. തിരുവനന്തപുരം പൂവാറിലെ വാടകവീട്ടിൽ നിന്നാണ് തൊടുപുഴ ഡിവൈ.എസ്.പി. സ്‌ക്വാഡ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് മോഷ്ടിച്ച സ്വർണം, പണം, ഷൂ എന്നിവ പൊലീസ് കണ്ടെടുത്തു. യൂബർ ടാക്സി ഡ്രൈവറായ ഇസ്മായിൽ, ചങ്ങനാശേരിയിൽ നിന്ന് മോഷ്ടിച്ച ബൈക്കും സ്വർണവുമായാണ് സംഭവദിവസം രാത്രിയിൽ തൊടുപുഴയിലെത്തിയത്.
കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ തോപ്പിൽ ഷാനവാസ് ഖാന്റെ സാൻട്രോ കാർ മോഷ്ടിച്ചതിന് പുറമെ പുതുച്ചിറ ഭാഗത്തെ അഭിഭാഷകന്റെ വീട്ടിൽ നിന്ന് 50,000 രൂപയും മറ്റൊരു വീട്ടിൽ നിന്ന് ഷൂവും കവർന്നതായി പൊലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് മോഷണം നടത്തിയത്. മോഷണം നടന്നതറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിരുന്നു.
തുടർന്ന് ഷാനവാസിന്റെ കാറുമായി പ്രതി തിരുവനന്തപുരത്തേക്ക് കടന്നു. മോഷണം നടത്തുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഇയാളുടെ പ്രത്യേകതയെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുന്ന വീടുകളിൽ നിന്ന് ഷൂ മോഷ്ടിക്കുന്ന ശീലവും പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇസ്മായിലിനെതിരെ അമ്പതോളം കേസുകളുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി. സജി മാർക്കോസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും സൂചനയുണ്ട്.
തൊടുപുഴ സി.ഐ. മനേഷ് കെ. പൗലോസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ടി.എം. ഷംസുദ്ദീൻ, ജിബിൻ ജോസഫ്, അനീഷ് ജോസ്, അരുൺചന്ദ്രൻ, അനന്ദുശേഖർ, സി.പി.ഒമാരായ അജിമോൻ, ബാബു സുരേഷ്, അമൽ, റെനീഷ്, അതുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.





