മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.
കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിലാണ് 2022ൽ മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക.
വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം കേരളം നേരത്തെ ഉന്നയിച്ചിരുന്നു.





