അടിമാലിയിൽ 5.543 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ
കോതമംഗലം കുട്ടമ്പുഴ വടാട്ടുപാറ സ്വദേശിനി ഡയാന ബിജു (39) ആണ് അറസ്റ്റിലായത്.
ഇടുക്കി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അടിമാലിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5.543 കിലോഗ്രാം കഞ്ചാവുമായി കോതമംഗലം സ്വദേശിനിയായ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കോതമംഗലം കുട്ടമ്പുഴ വടാട്ടുപാറ സ്വദേശിനി ഡയാന ബിജു (39) ആണ് അറസ്റ്റിലായത്. അടിമാലി ഐക്കരക്കുന്ന് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.
ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ. ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായം നൽകിയ വ്യക്തിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അസീസ് കെ. എസ്., ബിനോയി കെ. ജെ., പ്രിവന്റീവ് ഓഫീസർമാരായ ജലീൽ പി. എം., സിജുമോൻ കെ. എൻ., സിവിൽ എക്സൈസ് ഓഫീസർ മുകേഷ് ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, ഡ്രൈവർ അനീഷ് മോൻ ടി. എസ്. എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.





