കേരളത്തിൽ അസാധാരണ ചൂട്; താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത
സംസ്ഥാനത്ത് അസാധാരണമായ ചൂട് തുടരുന്നു. കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 6 മുതൽ 8 വരെ സംസ്ഥാനത്ത് ഉയർന്ന താപനിലയും ആർദ്രതയേറിയ കാലാവസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, സെപ്റ്റംബർ 7, 8 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും കുടയോ തൊപ്പിയോ ഉപയോഗിക്കാനും നിർദേശമുണ്ട്.
കുട്ടികൾ, പ്രായമായവർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പുറംജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കുകയും വേണം.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്കും തീപിടിത്തങ്ങൾക്കും സാധ്യതയുള്ളതിനാൽ വനമേഖലകളോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും സ്ഥാപന ഉടമകളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.





