ബാലാവകാശ കമ്മിഷൻ സിറ്റിങ്; 25 കേസുകൾ തീർപ്പാക്കി

ബാലാവകാശ കമ്മിഷൻ സിറ്റിങ്; 25 കേസുകൾ തീർപ്പാക്കി

കോട്ടയം: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സിറ്റിങ്ങിൽ 32 കേസുകൾ പരിഗണിച്ചു. 25 എണ്ണം തീർപ്പാക്കി. എട്ട് കേസുകൾ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു. ടി.സി. ജലജമോൾ, പി. ഷാജേഷ് ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.

ചങ്ങനാശേരി ഓട്ടിസം സെന്റർ മാടപ്പള്ളിയിലേക്ക് മാറ്റുന്നതിനെതിരായ പരാതിയിൽ നഗരസഭാ പരിധിയിൽ സബ് സെന്ററിന് സ്ഥലം കണ്ടെത്താൻ നിർദേശം നൽകി. സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെന്നും നിർദേശിച്ചു.

തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ രാമപുരം ഗവ. ആശുപത്രിക്ക് ജാഗ്രതാനിർദേശം നൽകി. കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതികളിൽ പോലീസ് നടപടി സ്വീകരിക്കാനും സ്കൂൾ അധികൃതർക്ക് താക്കീത് നൽകാനും കമ്മിഷൻ നിർദേശിച്ചു.