പള്ളിവാസലിൽ ഹോട്ട് എയർ ബലൂൺ പ്രവർത്തനം നിരോധിച്ചു
നടപടി വൈദ്യുതി ലൈനിൽ തട്ടിയ സംഭവത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
ഇടുക്കി: പള്ളിവാസൽ തട്ടാത്തിമുക്കിൽ 'ക്ലൗഡ് ഡെക്ക്' എന്ന പേരിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയർ ബലൂൺ പ്രവർത്തനം നിരോധിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 31ന് ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ട് എയർ ബലൂൺ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയതായി ദേവികുളം സബ് കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂണിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി ലൈനുമായി സമ്പർക്കത്തിലാകാൻ സാധ്യതയുണ്ട്. ഇത് വൈദ്യുതാഘാതം, തീപിടിത്തം തുടങ്ങിയ ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.


