ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം; മുണ്ടക്കയം സബ് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല
1.75 കോടി രൂപ ചെലവിട്ട് നിർമിച്ച മന്ദിരം ഉപയോഗശൂന്യം; വാട്ടർ കണക്ഷൻ ലഭിക്കാത്തത് തടസമെന്ന് ആരോപണം
മുണ്ടക്കയം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മുണ്ടക്കയത്ത് സബ് ട്രഷറിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 1.75 കോടി രൂപ ചെലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോടു ചേർന്നാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമിച്ചത്. ഫെബ്രുവരി 26നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.
രണ്ട് നിലകളിലായി 2700 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് പെൻഷൻകാർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ ദുരിതത്തിലാക്കുകയാണ്. നിലവിൽ കൂട്ടിക്കൽ റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറി ഓഫീസിലെത്തേണ്ടിവരുന്നത് പ്രായമായ പെൻഷൻകാർക്ക് വലിയ ബുദ്ധിമുട്ടാണ്. പടികളിൽനിന്ന് വീണ് പരിക്കേറ്റ സംഭവങ്ങളും തിരക്കേറിയ ഓഫീസ് മുറിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പുതിയ കെട്ടിടത്തിൽ വാട്ടർ കണക്ഷൻ ലഭ്യമാക്കാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് പ്രധാന തടസമായി പറയുന്നത്. കണക്ഷൻ ലഭിക്കുന്നതിനായി കരാറുകാരൻ വാട്ടർ അതോറിറ്റിയിൽ ഏകദേശം 40,000 രൂപ അടയ്ക്കേണ്ടതുണ്ടെന്നാണ് വിവരം. തുക പിന്നീട് സർക്കാരിൽനിന്ന് ലഭിക്കുമെങ്കിലും പണം അടയ്ക്കാത്തതാണ് കണക്ഷൻ ലഭിക്കുന്നതിന് തടസമാകുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ ആരോപിക്കുന്നു.
അതേസമയം, ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ പരിസരം കാടുകയറിത്തുടങ്ങി. പ്രദേശം സാമൂഹ്യവിരുദ്ധർ മലമൂത്ര വിസർജനത്തിനായി ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി നിർമിച്ച കെട്ടിടം അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്നാണ് ആവശ്യം. പുതിയ മന്ദിരത്തിലേക്ക് സബ് ട്രഷറിയുടെ പ്രവർത്തനം ഉടൻ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പെൻഷനേഴ്സ് യൂണിയന്റെ തീരുമാനം.


