നാല് പതിറ്റാണ്ടിന് ശേഷം ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ പൂജയെടുപ്പും വിദ്യാരംഭവും നടന്നു
ശബരിമല: നാല് പതിറ്റാണ്ടിന് ശേഷം ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ പൂജയെടുപ്പും വിദ്യാരംഭവും നടന്നു. തുലാമാസ പൂജയും വിജയദശമിയും ഒരുമിച്ചെത്തിയ അപൂർവ സന്ദർഭത്തിലാണ് ചടങ്ങുകൾ നടന്നത്.
തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് മാളികപ്പുറം ക്ഷേത്രത്തിൽ പൂജയെടുപ്പ് നടന്നത്. തന്ത്രിയുടെ സാന്നിധ്യത്തിൽ ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിയും ചേർന്ന് കുട്ടികളെ എഴുത്തിനിരുത്തി.
ബുധനാഴ്ച വൈകിട്ട് തന്ത്രിയുടെ കാർമികത്വത്തിൽ 1001 കലശങ്ങൾ നിറച്ച് സഹസ്രകലശ പൂജയും നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് സഹസ്രകലശം അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്യും.
തുലാമാസ പൂജകൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി 10ന് അത്താഴപൂജയ്ക്കും ഭസ്മാഭിഷേകത്തിനും ശേഷം ശബരിമല ക്ഷേത്രനട അടയ്ക്കും.


