സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം; ബാഗ് പരിശോധനയ്ക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം; ബാഗ് പരിശോധനയ്ക്ക് അനുമതി നൽകി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ലഹരിവസ്തുക്കളും ആരോഗ്യത്തിന് ഹാനികരമായ മറ്റ് വസ്തുക്കളും കണ്ടെത്താൻ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാമെന്നും കമ്മീഷൻ നിർദേശിച്ചു.

സ്കൂൾ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കാണണം. അത്യാവശ്യ സാഹചര്യങ്ങളിൽ രക്ഷിതാക്കളുടെ അറിവോടെ ഫോൺ കൊണ്ടുവരുന്ന വിദ്യാർഥികൾക്ക് സ്കൂൾ സമയം അവസാനിക്കുന്നതുവരെ അത് സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കണം.

Slide 1
Slide 2
Slide 3
Slide 4

മുടി വെട്ടുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് സ്കൂൾതലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണം. സ്കിൻ ഫിറ്റ് പാന്റ്സ് ധരിക്കുന്നതിനും കമ്മൽ, മോതിരം തുടങ്ങിയവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കമ്മീഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

ലഹരിവസ്തുക്കളോ മറ്റ് നിയമവിരുദ്ധ വസ്തുക്കളോ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് പരിശോധന നടത്താം. എന്നാൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടംവരാത്ത രീതിയിലായിരിക്കണം പരിശോധന.

അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർക്ക് ഇടപെടാം. ലഹരി ഉപയോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നിയമനടപടി ആവശ്യമായി വന്നാൽ അതിനും നടപടി സ്വീകരിക്കണം. അതേസമയം, അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ ക്ലാസിൽനിന്ന് പുറത്താക്കുകയോ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ വിദ്യാഭ്യാസാവകാശം നിഷേധിക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കുന്നതിനുള്ള നടപടികളും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇവയിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കാൻ സർക്കാറിനോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4