തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി സന്നിധാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തി
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ സന്നിധാനത്തെത്തി. നട തുറന്ന ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
നട തുറക്കുന്ന ദിവസം ദർശനത്തിനായി 30,000 തീർഥാടകരാണ് ഓൺലൈനായി ബുക്ക് ചെയ്തിരിക്കുന്നത്. പൂജ അവധി ദിവസങ്ങൾ കൂടി വരുന്നതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലാണ് ബുക്കിങ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും ഒക്ടോബർ 19-ന് 40,000 പേരും ഇതിനകം ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്.
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഈ തീർഥാടന കാലയളവിനുശേഷം തിരുപ്പതി മാതൃകയിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന-ഏകോപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴിപാടുകളും പ്രസാദവിതരണവും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണെന്നും അപ്പം, അരവണ എന്നിവയ്ക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കാൻ പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളെ സേനാ മേധാവികളുടെ നേതൃത്വത്തിൽ വിന്യസിക്കും.
പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുമൂലമുള്ള മാലിന്യപ്രശ്നം ഒഴിവാക്കാൻ നിയന്ത്രണസംവിധാനം ഏർപ്പെടുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങളും വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കുന്നതിനായി നിലയ്ക്കലിൽ 6,000 പേർക്ക് ഉൾക്കൊള്ളാവുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. അടിയന്തര ചികിത്സയ്ക്കായി 22 മെഡിക്കൽ എമർജൻസി യൂണിറ്റുകളും സജ്ജമാക്കും.
മാലിന്യനിർമാർജനം സമയബന്ധിതമായി നടപ്പാക്കും. തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി. 461 ബസുകൾ സജ്ജമാക്കും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിച്ച് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തും.
ചാലക്കയം റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ ചെലവിൽ നവീകരിച്ചുവരികയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും. തീർഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഈ തീർഥാടന സീസണിൽ സുഗമമായ ദർശനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


