കോട്ടയം നെഹ്റു സ്റ്റേഡിയം നവീകരിക്കാൻ 66 കോടി രൂപയുടെ പദ്ധതി
കോട്ടയം: നെഹ്റു സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ 66 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി നഗരസഭ. കിഫ്ബി മുഖേന പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഫണ്ടിന് അംഗീകാരം ലഭിച്ച ശേഷമേ നിലവിലുള്ള സ്റ്റേഡിയം പൊളിച്ചുനീക്കി നിർമാണം ആരംഭിക്കാനാകൂ.
നിലവിലുള്ള സ്റ്റേഡിയവും പവിലിയനും പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനാണ് പദ്ധതി. ഫുട്ബോൾ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ പുതിയ സ്റ്റേഡിയത്തിൽ ഒരുക്കും. ഗ്രൗണ്ട് ഏകദേശം രണ്ടുമീറ്റർ ഉയർത്തുന്നതിനൊപ്പം സൈഡ് വാൾ ഉയർത്തുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും ചെയ്യും.
സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സമീപത്തെ കടകളിൽനിന്ന് ഒഴിയാൻ വ്യാപാരികൾക്ക് നഗരസഭ നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഇത്തവണ വാടകക്കരാർ പുതുക്കിനൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ നിയോജകമണ്ഡലത്തിലും എംഎൽഎമാർക്ക് പദ്ധതികൾ ശുപാർശ ചെയ്യാൻ കഴിയുന്ന സംവിധാനത്തിന്റെ ഭാഗമായി കോട്ടയം എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ നെഹ്റു സ്റ്റേഡിയം പദ്ധതി ശുപാർശ ചെയ്തതായാണ് നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്കുമാർ അറിയിച്ചത്. ഫണ്ടിന് അംഗീകാരം ലഭിച്ച് നിർമാണം എത്രയും വേഗം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


