ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു

ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു

ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് (ഒക്ടോബർ 16) രാവിലെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, കഡസ്ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

ആശുപത്രികൾ, പാൽ വിതരണം, പത്രവിതരണം തുടങ്ങിയ അവശ്യസേവനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നെടുങ്കണ്ടത്ത് നടക്കുന്ന കായികമേളയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കായി ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും ഇളവുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു. അടിമവ്യാപാര നിരോധനം നിലവിൽ വന്നതിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന പിആർഡിഎസ് വാഹനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഹർത്താലിനെത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. യാത്രാസൗകര്യത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.