ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോളിടെക്നിക് വിദ്യാർഥി മരിച്ചു
കോട്ടയം: ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോളിടെക്നിക് വിദ്യാർഥി മരിച്ചു. മുണ്ടക്കയം കൊക്കയാർ കമലാഭവനിൽ കൃഷ്ണന്റെ മകൻ ശിവകൃഷ്ണൻ (24) ആണ് മരിച്ചത്. തൊടുപുഴ അൽ അസർ കോളജിലെ പോളിടെക്നിക് വിദ്യാർഥിയാണ്.
വലിയമംഗലം സോ മില്ലിന് മുന്നിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പരീക്ഷ എഴുതുന്നതിനായി കോളജിലേക്ക് പോകുന്നതിനിടെയാണ് ശിവകൃഷ്ണൻ അപകടത്തിൽപ്പെട്ടത്. മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് റോഡിലെ വെള്ളവരയിൽ കയറി തെന്നിമാറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശിവകൃഷ്ണന്റെ ദേഹത്തുകൂടി ബസിന്റെ മുൻചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.മാതാവ്: കർത്തമ്മ. സഹോദരങ്ങൾ: ജീവ, ജ്യോതി, ശക്തി. സംസ്കാരം വെള്ളിയാഴ്ച കൊക്കയാറിലെ കമലാഭവൻ വീട്ടിൽ നടക്കും.


