എരുമേലിയിൽ 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: എട്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. സംഭവത്തിൽ എരുമേലി ചരള കമ്പിയിൽ വീട്ടിൽ ഷാനി അബൂബക്കർ (38), മട്ടന്നൂർക്കര കനകപ്പലം പള്ളംതുണ്ടിയിൽ അൻസാരി നദീം (42) എന്നിവരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്നത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. മാസങ്ങൾക്കു മുമ്പ് 3750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഷാനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തുടർന്നും ഇയാൾ വിൽപ്പന നടത്തിയതോടെ ഷാനിയെയും കൂട്ടാളിയെയും പൊലീസ് മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.
നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതികൾ എത്തുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പുകയില ഉത്പന്നങ്ങൾ കടത്താനും വിൽപ്പന നടത്താനും ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


