ഇടുക്കിയിൽ ഹർത്താൽ ജനം ഏറ്റെടുത്തു..എല്ലാ മേഖലയും സ്തംഭിച്ചു.
ഇടുക്കി: ഭൂപ്രശ്നങ്ങൾക്കും കർഷകർ നേരിടുന്ന പ്രതിസന്ധികൾക്കും പരിഹാരം ആവശ്യപ്പെട്ട് സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി ജില്ലയിൽ പൂർണ്ണം. രാവിലെ ആറിന് ആരംഭിച്ച ഹർത്താലിനെ തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം കുറയുകയും ചെയ്തു.
പരിസ്ഥിതിലോല മേഖലയുടെ (ESA) മാപ്പുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കുക, കാർഡമം ഹിൽ റിസർവിനെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബാധിക്കുന്ന ആനത്താര നിർദേശങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.
തോട്ടം മേഖലയിലെ തൊഴിലാളികളുടെയും കർഷകരുടെയും സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുക, വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും സിപിഐഎം മുന്നോട്ടുവെച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതോടെ സാധാരണ ജനജീവിതത്തെ ഹർത്താൽ ബാധിച്ചു. അവശ്യസേവനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഹർത്താലിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം മേഖലകൾ പൂർണ്ണമായി സ്തംഭിച്ചു. ഗ്രാമ പ്രദേശങ്ങളിൽ ചുരുക്കം, വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്, പെട്രോൾ പമ്പുകൾ ഉൾപ്പടെ അടഞ്ഞുകിടക്കുകയാണ്.
ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കർഷകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.


