കട്ടപ്പനയിൽ കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിക്ക് അപമാനവും മർദ്ദനവും.

പ്രിയദർശിനി, അപ്രിയദർശിനിയാകുന്നുവോ..?

കട്ടപ്പനയിൽ കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിക്ക് അപമാനവും മർദ്ദനവും.

കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്തിരുന്ന നിയമ വിദ്യാർത്ഥിനിക്ക് കെഎസ്ആർടിസി ബസിൽ അപമാനവും ശാരീരിക മർദ്ദനവും നേരിട്ടതായി പരാതി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാർത്ഥിനിക്കാണ് കട്ടപ്പന–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നാണ് ആരോപണം.

ഞായറാഴ്ച ഉച്ചയ്ക്ക് 3.20-ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ കോളേജിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥിനി പറയുന്നു. ബസിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനെ ചൊല്ലി കണ്ടക്ടർ അപമര്യാദയായി പെരുമാറുകയും, കൈയിൽ ഉണ്ടായിരുന്ന പേനയോ, മറ്റെന്തോ ഉപകരണമോ ഉപയോഗിച്ച് പിറകിൽ നിന്ന് കുത്തുകയുമായിരുന്നു എന്നാണ് പരാതി.

Slide 1
Slide 2
Slide 3
Slide 4

നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിൽ നടന്ന സംഭവത്തിൽ മാനസികമായി തളർന്ന വിദ്യാർത്ഥിനി കട്ടപ്പന നിർമ്മല സിറ്റിയിൽ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് മടങ്ങി. തുടർന്ന് പേനകൊണ്ട് കുത്തിയ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനാൽ വിദ്യാർത്ഥിനിയും രക്ഷിതാക്കളും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകാനും, ആവശ്യമായ നിയമനടപടികൾക്കായി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചതായി രക്ഷിതാക്കൾ അറിയിച്ചു.

സ്ത്രീകളുടെ സുരക്ഷിതവും മാന്യവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിക്കിടയിൽ ഇത്തരം പരാതികൾ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് പൊതുജനങ്ങളും യാത്രക്കാരും അഭിപ്രായപ്പെടുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

(ചിത്രം സഹചര്യത്തിന് വേണ്ടിAl നിർമ്മിതം)