ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും വൻതോതിൽ പിടികൂടി
ഈരാറ്റുപേട്ട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പിടികൂടി. ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പലം ഇളപ്പുങ്കലിൽ നടത്തിയ റെയ്ഡിലാണ് വൻ ശേഖരം കണ്ടെത്തിയത്.
തലപ്പലം പീടികതാഴത്ത് മുഹമ്മദ് റസാഖ് (46) ആണ് സംഭവത്തിൽ അറസ്റ്റിലായത്. മേലുകാവ് മറ്റത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു ഇയാൾ.
വീടിന്റെ ടെറസിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 16 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയവയിൽ വ്യാജമായി നിർമ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.




