വനത്തിന്റെ കോർ സോണിൽ സംരക്ഷണവേലി വേണം; വന്യമൃഗങ്ങളെ വനത്തിനുള്ളിൽത്തന്നെ സംരക്ഷിക്കണം: ഇൻഫാം
കാഞ്ഞിരപ്പള്ളി: വന്യമൃഗങ്ങൾക്ക് സ്വാഭാവികമായി ജീവിക്കാനുള്ള വിശാലമായ ഇടവും ആവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. വനത്തിന്റെ കോർ സോണിനു ചുറ്റും കുറ്റമറ്റ സംരക്ഷണവേലി ഒരുക്കി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാം ജില്ലാ എക്സിക്യൂട്ടീവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർ സോൺ, ബഫർ സോൺ, ട്രാൻസിഷൻ സോൺ എന്നിങ്ങനെ വനത്തെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചാണ് സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വനത്തിന്റെ ഉൾഭാഗമാണ് കോർ സോൺ. ഇതിനു ചുറ്റുമുള്ള പ്രദേശമാണ് ബഫർ സോൺ. വനത്തിന്റെ പുറം അതിർത്തിയോട് ചേർന്ന മേഖലയാണ് ട്രാൻസിഷൻ സോൺ.
വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി വനംവകുപ്പ് ഒരുക്കിയിട്ടുള്ള സൗരവേലികൾ, സുരക്ഷാവേലികൾ, കിടങ്ങുകൾ, നിരീക്ഷണ സംവിധാനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ അപര്യാപ്തമാണെന്ന് ഫാ. തോമസ് മറ്റമുണ്ടയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കോർ സോണിനു ചുറ്റും സമഗ്രമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കണം. വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽത്തന്നെ ആവശ്യമായ ഭക്ഷണവും വെള്ളവും സ്വൈരവിഹാരത്തിനുള്ള ആവാസവ്യവസ്ഥയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനത്തിന്റെ പുറം അതിർത്തികളിൽ ഒരുക്കുന്ന വേലികൾ മനുഷ്യരുടെ സുരക്ഷയ്ക്കും കൃഷിയിടങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കണം. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ ജീവനും ജീവിതസമാധാനവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതുപോലെ മനുഷ്യജീവനും കൃഷിയും സംരക്ഷിക്കപ്പെടണം. മനുഷ്യരെയും വന്യമൃഗങ്ങളെയും പരസ്പരം എതിരാളികളായി കാണുന്നതിനു പകരം പരിസ്ഥിതി സംരക്ഷണത്തിൽ ഇരുവർക്കുമുള്ള പ്രാധാന്യം തിരിച്ചറിയുന്ന സമീപനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


