തീ പടരുന്ന ഇലക്ട്രിക് കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചു; പമ്പ് ജീവനക്കാരന് ആദരം

തീ പടരുന്ന ഇലക്ട്രിക് കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചു; പമ്പ് ജീവനക്കാരന് ആദരം

പാമ്പാടി: വിമലാംബിക ഹയർ സെക്കൻഡറി സ്കൂളിന് സമീപം മറ്റത്തിൽപറമ്പിൽ ഫ്യൂവൽസിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പമ്പ് ജീവനക്കാരന് ആദരം.

തിങ്കളാഴ്ച നടന്ന അപകടത്തിൽ ഇലക്ട്രിക് കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇലക്ട്രിക് കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പ് ജീവനക്കാരൻ രാജു എബ്രഹാം ഉടൻ തന്നെ പമ്പിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

രാജു എബ്രഹാമിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹത്തെ നാഷണൽ ഫ്യൂവൽ ലേബർ യൂണിയൻ (NFUEL-AITUC) നേതൃത്വത്തിൽ ആദരിച്ചു.

AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും NFUEL ജില്ലാ പ്രസിഡന്റുമായ അഡ്വ. ബിനു ബോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ NFUEL-AITUC കോട്ടയം ജില്ലാ സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ഷാജി പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.