ഇരട്ടയാറിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഇരട്ടയാർ: ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ നന്ദു എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ (30) പിടിയിലായത്.
ഇരട്ടയാർ അന്തോപ്പി കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ വീടിന് സമീപത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഏതാനും മാസങ്ങളായി രാംകുമാർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ചില്ലറ വിൽപ്പനയ്ക്കായി ആൾട്ടോ കാറിന്റെ ഡാഷ് ബോർഡിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ചെറിയ അളവുകളിലാക്കി പാക്കറ്റുകളാക്കി 3000 രൂപ വരെയുള്ള വിലയ്ക്ക് ലഹരി വസ്തു വിൽപ്പന നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവരുടെ സ്പെഷ്യൽ സ്ക്വാഡ്, തങ്കമണി സി.ഐ സുബിൻ തങ്കച്ചൻ, ഡാൻസാഫ് ടീം സബ് ഡിവിഷൻ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.



