ആവേശമായി ഭിന്നശേഷി കലോത്സവം ‘ജ്വാല 2026’
ഇടുക്കി: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ജ്വാല 2026’ ഭിന്നശേഷി കലോത്സവം ആവേശമായി. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് കളക്ടർ പറഞ്ഞു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സിബി മത്തായി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജയ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള, ഗ്രാമപഞ്ചായത്തംഗങ്ങളായ സാലി ബാബു, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, സി.ജി. കലേഷ്, പഞ്ചായത്ത് സെക്രട്ടറി യേശുദാസി എസ്. മേരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അലോഷ്യ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥി ജീവൻ ടെൽസ് വരച്ച ജില്ലാ കളക്ടറുടെ ഛായാചിത്രം ചടങ്ങിൽ കളക്ടർക്ക് സമ്മാനിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും കലോത്സവത്തിന് മാറ്റുകൂട്ടി. സ്പെഷ്യൽ സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.


