കേന്ദ്ര ബജറ്റ് 2026: മദ്യത്തിനും ധാതുക്കൾക്കും വില കൂടും; വിദേശ യാത്രയും മരുന്നുകളും ചെലവ് കുറയും
കേന്ദ്ര ബജറ്റ് 2026 പ്രഖ്യാപനത്തിന് പിന്നാലെ നികുതി പരിഷ്‌കരണങ്ങൾ മൂലം വിപണിയിൽ വില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയതോടെ വില വർധിക്കുമ്പോൾ, അത്യാവശ്യ മേഖലകളിലും പുതുഊർജ്ജ രംഗത്തും ഇളവുകൾ പ്രഖ്യാപിച്ചതോടെ വില കുറയാൻ ഇടയുണ്ട്.
വില കൂടാൻ സാധ്യതയുള്ളവ
ബജറ്റിൽ പുകയില ഉൽപ്പന്നങ്ങൾക്കുള്ള നികുതി വർധിപ്പിച്ചതോടെ സിഗരറ്റ്, പാൻ മസാല, ഗുട്ഖ തുടങ്ങിയവയ്ക്ക് വില ഉയരും. കൂടാതെ മദ്യത്തിനും പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത മദ്യത്തിനും ഇനി കൂടുതൽ ചെലവാകും.
ഇതോടൊപ്പം സ്ക്രാപ്പുകൾ, ധാതുക്കൾ, ഫോർവേർജ് ട്രേഡിങ് മേഖലയിൽ ഉൾപ്പെടുന്ന ചില ഉൽപ്പന്നങ്ങൾക്കും നികുതി വർധനവ് ബാധകമാകുന്നതിനാൽ വില കൂടാൻ സാധ്യതയുണ്ട്. ആഡംബര വസ്തുക്കൾ, ചില രാസവസ്തുക്കൾ, മെഷീനുകൾ എന്നിവയിലും വില വർധനവ് പ്രതീക്ഷിക്കാം.
വില കുറയാൻ സാധ്യതയുള്ളവ
ബജറ്റിൽ 17 കാൻസർ മരുന്നുകൾക്കും ചില പ്രമേഹ മരുന്നുകൾക്കും നികുതി ഇളവ് നൽകിയതോടെ ഇവയുടെ വില കുറയാം. സമുദ്രോത്പന്നങ്ങൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയവയ്ക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശ യാത്രാ പാക്കേജുകൾക്കും വിദേശ വിദ്യാഭ്യാസ ചെലവുകൾക്കും കുറവ് വരാനിടയുണ്ട്. ചെരുപ്പ്, ലെതർ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങളുടെ കയറ്റുമതി മേഖല എന്നിവക്കും ഇളവ് ലഭിക്കും.
പുതുഊർജ്ജ രംഗത്ത് സോളർ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ, ലിഥിയം ഘടകങ്ങൾ എന്നിവയുടെ വില കുറയാൻ സാധ്യതയുണ്ട്. എയർക്രാഫ്റ്റ് ഉപകരണങ്ങൾക്കും വിമാന ഭാഗങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്.
ബജറ്റിലെ നികുതി മാറ്റങ്ങൾ വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമായേക്കും.






