'എൽഫോസ' സുവനീർ പ്രകാശനവും അവാർഡ് ദാനവും 30ന്
ഏലപ്പാറ: തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയങ്ങളിലെ പൂർവ്വ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ഏലപ്പാറ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽഫോസ)യുടെ ആഭിമുഖ്യത്തിൽ സുവനീർ പ്രകാശനവും അവാർഡ് ദാന ചടങ്ങും ജൂൺ 30ന് നടക്കും.
1952ലും 1964ലും സ്ഥാപിതമായ ഏലപ്പാറ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ ഒരുമിപ്പിച്ചാണ് എൽഫോസ രൂപീകരിച്ചത്. പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി വിദ്യാലയങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
അക്കാദമിക്, കലാ-സാഹിത്യ, കായിക മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ ആദരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി എൽഫോസ അവാർഡുകൾ നൽകി വരികയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
3000ത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രവും സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ പൂർവ്വ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിലെ തകർന്ന അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടം പുനർനിർമിക്കാൻ സംഘടനയ്ക്ക് സാധിച്ചിരുന്നു.
30ന് നടക്കുന്ന ചടങ്ങിൽ സ്കൂളിന്റെ ചരിത്രവും പൂർവ്വ വിദ്യാർഥികളുടെ ഓർമ്മക്കുറിപ്പുകളും രചനകളും കവിതകളും കഥകളും ഉൾപ്പെടുത്തിയ “മെമ്മറീസ് 2026” എന്ന സുവനീർ പ്രകാശനം ചെയ്യും.
ഏലപ്പാറ, ചെമ്മണ്ണ്, വാഗമൺ എന്നീ പൊതുവിദ്യാലയങ്ങളിൽ പഠന മികവ് പുലർത്തിയ വിദ്യാർഥികൾക്കും കലാ-സാഹിത്യ-കായിക രംഗങ്ങളിൽ നേട്ടം കൈവരിച്ചവർക്കും ക്യാഷ് അവാർഡുകളും മെമെന്റോകളും സമ്മാനിക്കും. പൂർവ്വ വിദ്യാർഥികളുടെ മൺമറഞ്ഞ കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.



