കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു
ഇടുക്കി: കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി. അടിമാലി നീണ്ടപാറ അപ്സരക്കുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ സുധീഷ് (26) ആണ് പിടിയിലായത്.
2023 ജനുവരി എട്ടിന് അടിമാലി സ്വദേശി കുഞ്ഞുമോൻ (40)ന് മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്ന എൽ.പി. സ്ക്വാഡ് നടത്തിയ അന്വേഷണത്തിനിടെ ഒക്ടോബർ 13-ന് അടിമാലി മച്ചിപ്ലാവ് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് അടിമാലി പോലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.


