തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും. രാവിലെ ഒൻപതരയ്ക്ക് സെക്രട്ടേറിയേറ്റിൽ നടക്കുന്ന ചടങ്ങിൽ പുതിയ അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേൽക്കും. നാളെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞടുക്കും. മേയ് 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.

ഇതിനിടെ ഇന്നലെ ചേർന്ന ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് ഉപനേതാവ്.

അതേസമയം സി ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം കുറച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ടിവികെ രംഗത്തെത്തി. ഗവർണർ ഓഫീസിന്റെ നിർദേശപ്രകാരമാണ് ആദ്യം വന്ദേമാതരം ആലപിച്ചതെന്ന് മന്ത്രി ആദവ് അർജുന അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സർക്കുലർ അനുസരിക്കണമെന്ന സമ്മർദമാണ് ഉണ്ടായതെന്നും ഇനി മുതൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ സന്തോഷിപ്പിക്കാനാണ് ടിവികെ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷ വിമർശനം. വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു.

17-ാം തമിഴ്നാട് നിയമസഭയിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 234 അംഗ നിയമസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നെങ്കിലും കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ടിവികെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി അധികാരത്തിലെത്തുകയായിരുന്നു.