പഴയ വാഹനം സ്ക്രാപ്പിന് നൽകും മുമ്പ് അറിഞ്ഞിരിക്കൂ; നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ RVSF സംവിധാനം
ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ സാധാരണ സ്ക്രാപ്പ് യാർഡുകളിലോ ഇരുമ്പ് വിലയ്ക്കോ വിറ്റഴിക്കുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനം ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാജരേഖകളിലൂടെ വീണ്ടും ഉപയോഗിക്കപ്പെടുകയോ ചെയ്താൽ നിയമപരമായ ഉത്തരവാദിത്തം വാഹന ഉടമയിലേക്കും എത്താൻ സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി കേന്ദ്ര സർക്കാർ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ വാഹനം ശാസ്ത്രീയമായും നിയമാനുസൃതമായും പൊളിച്ച് രജിസ്ട്രേഷൻ റദ്ദാക്കാൻ ഇതിലൂടെ സാധിക്കും.
കേരളത്തിൽ നിലവിൽ മൂന്ന് RVSF കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു:
- ചേർത്തല – SILK RVSF South Zone
- എടപ്പാൾ – SIMCO RVSF Pvt. Ltd. & KSRTC
- അഴിക്കൽ (കണ്ണൂർ) – SILK RVSF North Zone
ഭാവിയിൽ എല്ലാ ജില്ലകളിലും വാഹന ശേഖരണ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി.
സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (CoD) എന്താണ്?
പഴയ വാഹനം RVSF കേന്ദ്രത്തിൽ ഏൽപ്പിച്ചാൽ ഉടമയ്ക്ക് സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (Certificate of Deposit – CoD) ലഭിക്കും. അതേ വിഭാഗത്തിലുള്ള പുതിയ വാഹനം വാങ്ങുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. CoD മറ്റൊരാൾക്ക് കൈമാറുകയോ (Tradeable) ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിൽക്കുകയോ ചെയ്യാനും സൗകര്യമുണ്ട്.
രജിസ്ട്രേഷൻ റദ്ദാക്കാൻ മറക്കരുത്
വാഹനം പൊളിച്ചശേഷം RVSF കേന്ദ്രം നൽകുന്ന Certificate of Vehicle Scrapping ഉപയോഗിച്ച് വാഹനവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും തീർത്ത ശേഷം ആർടിഒയിൽ രജിസ്ട്രേഷൻ ഔദ്യോഗികമായി റദ്ദാക്കണം.
പഴയ വാഹനം സാധാരണ സ്ക്രാപ്പ് യാർഡുകളിൽ വിറ്റ് ഭാവിയിൽ നിയമപ്രശ്നങ്ങൾ നേരിടുന്നതിനേക്കാൾ സർക്കാർ അംഗീകൃത RVSF കേന്ദ്രങ്ങൾ വഴി നിയമാനുസൃതമായി സ്ക്രാപ്പ് ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. ഇതിലൂടെ നിയമക്കുരുക്കുകൾ ഒഴിവാക്കാനും പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവുൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനും കഴിയും.


