സീറോ വേസ്റ്റ് സംസ്ഥാനമായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി
നിർമലം പുതുയുഗ ശുചിത്വ കേരളം സംസ്ഥാനതല ക്യാമ്പയിന് തുടക്കം
കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന മാലിന്യസംസ്കരണ പ്ലാന്റുകൾ സംസ്ഥാനത്ത് യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നോർത്ത് പറവൂരിലെ സണ്ണി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യസംസ്കരണം കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ജൈവ, അജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ ശാസ്ത്രീയമായി തരംതിരിക്കുകയും സംസ്കരിക്കുകയും വേണം. വീടുകളിൽ സംസ്കരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി അന്തിമ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. ഇ-വേസ്റ്റ്, കെമിക്കൽ വേസ്റ്റ് തുടങ്ങിയ പുതിയതരം മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും ബോധവൽക്കരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം ‘വേസ്റ്റ്’ അല്ല, ‘വെൽത്ത്’ ആണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറണം. മാലിന്യങ്ങൾ പൂർണമായും മൂടിയ വാഹനങ്ങളിൽ മാത്രമേ ഡെസ്റ്റിനേഷൻ പോയിന്റുകളിലേക്ക് കൊണ്ടുപോകാവൂ. അടുത്ത രണ്ടുമൂന്ന് വർഷത്തിനുള്ളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേരളത്തിലെ മാലിന്യസംസ്കരണ മാതൃകകൾ പഠിക്കാനെത്തുന്ന തരത്തിൽ മികച്ച പ്ലാന്റുകൾ, വേസ്റ്റ് ടു പവർ പ്ലാന്റുകൾ ഉൾപ്പെടെ, സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യസംസ്കരണ പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായം നൽകും. കേന്ദ്ര-സംസ്ഥാന പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അനുഭവസമ്പത്തുള്ള മികച്ച കമ്പനികളെ മാത്രം പദ്ധതികളുടെ നടത്തിപ്പിന് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകത്തിലെ മികച്ച ശുചിത്വ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുകയാണ് ‘നിർമലം’ പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. മാലിന്യസംസ്കരണത്തിന്റെ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളല്ല, ഓരോ വീടുകളുമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ വാർഡിലും ഒരു പൊതുസ്ഥലം കണ്ടെത്തി 100 ദിവസത്തിനകം ശുചീകരിച്ച് ‘ഗ്രീൻ പോയിന്റ്’ ആക്കി മാറ്റും. ഇതുവഴി സംസ്ഥാനത്താകെ 20,000ത്തിലധികം ഗ്രീൻ പോയിന്റുകൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിലെയും മാലിന്യത്തിന്റെ അളവും സംസ്കരണ രീതിയും കൃത്യമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, ഉറവിടത്തിൽ മാലിന്യം തരംതിരിക്കുക, ശാസ്ത്രീയ ശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമസേന, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കും.
ചടങ്ങിൽ ക്യാമ്പയിൻ ലോഗോയും പദ്ധതി രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്ലാസ്റ്റിക് റീസൈക്ലിങ് പോളിസി 2026, സേഫ് റീയൂസ് ഓഫ് ട്രീറ്റഡ് വേസ്റ്റ്വാട്ടർ പോളിസി 2026, ക്ലീൻ പബ്ലിക് ടോയ്ലറ്റുകൾക്കുള്ള എസ്.ഒ.പി., എസ്.ഡബ്ല്യു.എം റൂൾസ് 2026, ജനപ്രതിനിധികൾക്കുള്ള പരിശീലന മൊഡ്യൂൾ എന്നിവയും പ്രകാശനം ചെയ്തു.
ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.


