തമിഴ്നാട്ടിൽ രാഷ്ട്രീയ ചലനങ്ങൾ ; ടിവികെ മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് തുടക്കം

തമിഴ്നാട്ടിൽ രാഷ്ട്രീയ ചലനങ്ങൾ ; ടിവികെ മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് തുടക്കം

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ടിവികെ മന്ത്രിസഭ രൂപീകരണത്തിനായുള്ള ചർച്ചകൾക്ക് തുടക്കമായി. അടുത്ത രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം വിളിച്ചുചേരാനാണ് തീരുമാനം. യോഗത്തിൽ വിജയ് യെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് സൂചന.

ഭരണ രൂപീകരണത്തിനായി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടാനുള്ള നീക്കത്തിലാണ് ടിവികെ നേതൃത്വം. ഇതോടൊപ്പം ഗവർണർ അർലേക്കർ രണ്ടുദിവസത്തിനകം ചെന്നൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലാകുന്നതിനിടെ, ടിവികെയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നേതാക്കൾ കൂടിയാലോചന നടത്തും.

അതേസമയം, തമിഴ്നാട്ടിൽ എല്ലാ രാഷ്ട്രീയ സാധ്യതകളും പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഇതിനിടെ, ഡിഎംകെയിൽ ആഭ്യന്തര വിമർശനങ്ങൾ ശക്തമാകുന്നു. ചെന്നൈയിലെ തിരിച്ചടിക്ക് മന്ത്രി ശേഖർ ബാബുവാണ് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരന്താമൻ എംഎൽഎ രംഗത്തെത്തി.