ബാങ്കുകളിൽ നിന്ന് വരുന്ന ‘PMSBY Renewal Due’ സന്ദേശം; ആശങ്കപ്പെടേണ്ടതുണ്ടോ.?? എന്താണ് പദ്ധതി??
“Renewal Due: Please maintain sufficient balance, Rs.20 in BANK NAME Bank A/c XXX12345 for PMSBY premium due on May 2026” എന്ന തരത്തിലുള്ള സന്ദേശങ്ങൾ അടുത്തിടെ നിരവധി ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുകയാണ്. പലരും ഇത് തട്ടിപ്പാണോയെന്ന ആശങ്ക പങ്കുവയ്ക്കുമ്പോൾ, മറ്റുചിലർക്ക് ഇത് എന്ത് പദ്ധതിയാണെന്നതിൽ വ്യക്തതയില്ല.
ഇത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പദ്ധതിയുടെ വാർഷിക പ്രീമിയം പുതുക്കൽ അറിയിപ്പാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്.
18 മുതൽ 70 വയസ്സ് വരെയുള്ള ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പദ്ധതിയിൽ അംഗമാകാം. വർഷത്തിൽ വെറും 20 രൂപയാണ് പ്രീമിയം. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും. ഓരോ വർഷവും ജൂൺ ഒന്നുമുതൽ അടുത്ത വർഷം മെയ് 31 വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ
പദ്ധതിയുടെ ഭാഗമായി അപകട മരണത്തിനും സ്ഥിര വൈകല്യത്തിനുമാണ് ഇൻഷുറൻസ് തുക ലഭിക്കുക.
- അപകട മരണത്തിന് 2 ലക്ഷം രൂപ
- പൂർണ സ്ഥിര വൈകല്യത്തിന് 2 ലക്ഷം രൂപ
- ഭാഗിക സ്ഥിര വൈകല്യത്തിന് 1 ലക്ഷം രൂപ
അതേസമയം, സ്വാഭാവിക മരണം, ഹൃദയാഘാതം, രോഗബാധ എന്നിവ മൂലമുള്ള മരണങ്ങൾക്ക് ഈ പദ്ധതിയിൽ ക്ലെയിം ലഭിക്കില്ല.
എന്തുകൊണ്ടാണ് ബാങ്ക് ബാലൻസ് ആവശ്യപ്പെടുന്നത്?
വാർഷിക പ്രീമിയമായ 20 രൂപ അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കാനാണ് ബാങ്കുകൾ ഉപഭോക്താക്കളോട് മതിയായ ബാലൻസ് നിലനിർത്താൻ ആവശ്യപ്പെടുന്നത്. അക്കൗണ്ടിൽ തുക ഇല്ലെങ്കിൽ പോളിസി പുതുക്കപ്പെടാതെ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കാനും സാധ്യതയുണ്ട്.
ക്ലെയിം ലഭിക്കാൻ എന്ത് ചെയ്യണം?
അപകടമോ അപകട മരണവുമുണ്ടായാൽ ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ വിവരം അറിയിച്ച് ക്ലെയിം അപേക്ഷ സമർപ്പിക്കണം.
സാധാരണയായി ആവശ്യമായ രേഖകൾ:
- ക്ലെയിം അപേക്ഷ
- ആധാർ/തിരിച്ചറിയൽ രേഖ
- ബാങ്ക് പാസ്‌ബുക്ക്
- പോലീസ് FIR അല്ലെങ്കിൽ അപകട റിപ്പോർട്ട്
- ആശുപത്രി രേഖകൾ
- മരണ സർട്ടിഫിക്കറ്റ്
- പോസ്റ്റ്മോർട്ടം റിപ്പോർട്ട് (ആവശ്യമായാൽ)
രേഖകൾ പരിശോധിച്ച ശേഷം ഇൻഷുറൻസ് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
പദ്ധതിയുടെ ഗുണങ്ങൾ
- വളരെ കുറഞ്ഞ പ്രീമിയം
- സാധാരണക്കാരന് സാമ്പത്തിക സുരക്ഷ
- ബാങ്ക് വഴി ലളിതമായ പുതുക്കൽ
- തൊഴിലാളികൾക്കും സ്ഥിരം യാത്ര ചെയ്യുന്നവർക്കും പ്രയോജനകരം
ഉയരുന്ന പരാതികൾ
ചില ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തമായ സമ്മതമില്ലാതെ പദ്ധതിയിൽ ചേർത്തുവെന്ന പരാതിയും ഉന്നയിക്കുന്നുണ്ട്. ചിലർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയം പിടിച്ച വിവരം പിന്നീട് മാത്രമാണ് അറിയാനായത്. ക്ലെയിം നടപടികൾ വൈകുന്നതും രേഖാപരമായ ബുദ്ധിമുട്ടുകളും സംബന്ധിച്ച പരാതികളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വരുന്ന സന്ദേശങ്ങൾ ബാങ്കിൻ്റെ തന്നെ ആണ് എന്ന് ഉറപ്പു വരുത്തുക.
- സന്ദേശങ്ങൾക്ക് മറുപടി നൽകേണ്ടതില്ല
- പദ്ധതി നിർബന്ധിതമല്ല
- തുടരാൻ താൽപര്യമില്ലെങ്കിൽ ബാങ്കിൽ അപേക്ഷ നൽകി ഒഴിവാക്കാം
- അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിൽ പോളിസി ലാപ്സ് ആകാം
- നോമിനി വിവരങ്ങൾ ശരിയായി നൽകിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം
- സംശയം തോന്നിയാൽ ബാങ്കിൽ നേരിട്ട് അന്വേഷിച്ച് ഉറപ്പ് വരുത്തുക
വളരെ കുറഞ്ഞ പ്രീമിയത്തിൽ അടിസ്ഥാന അപകട ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നതിനാൽ സാധാരണക്കാരിൽ പലരും PMSBY തുടരുന്നുണ്ടെങ്കിലും, ഇത് സമ്പൂർണ ലൈഫ് ഇൻഷുറൻസിന് പകരമല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




