ബ്രസീല്‍ - മൊറോക്കോ പോരാട്ടം സമനിലയില്‍
ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആവേശകരമായ മത്സരത്തില്‍ ബ്രസീൽ മൊറോക്കോ 1-1 എന്ന നിലയിൽ സമനിലയില്‍ പിരിഞ്ഞു. ഇസ്മായില്‍ സായ്ബാരിയുടെ ഗോളില്‍ മൊറോക്കോ ആദ്യം ലീഡ് നേടിയെങ്കിലും, വിനീഷ്യസ് ജൂനിയറുടെ തിരിച്ചടിയിലൂടെ ബ്രസീല്‍ സമനില പിടിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ മൊറോക്കോ ആധിപത്യം പുലര്‍ത്തി. ആദ്യ പത്ത് മിനിറ്റോളം ബ്രസീലിന് പന്തില്‍ നിയന്ത്രണം നേടാന്‍ പോലും ബുദ്ധിമുട്ടേണ്ടി വന്നു. എന്നാല്‍ 14-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഒരുക്കിയ മികച്ച അവസരം ഇഗോര്‍ തിയാഗോ പാഴാക്കുകയായിരുന്നു.
21-ാം മിനിറ്റില്‍ ബ്രാഹിം ഡയസിന്റെ മനോഹരമായ പാസില്‍ നിന്ന് ഇസ്മായില്‍ സായ്ബാരി ഗോള്‍ നേടി മൊറോക്കോയെ മുന്നിലെത്തിച്ചു. ബ്രസീലിയന്‍ പ്രതിരോധത്തെ മറികടന്ന് മുന്നേറിയ സായ്ബാരി, ഗോള്‍കീപ്പര്‍ അലിസണിന് മുകളിലൂടെ പന്ത് വലയിലെത്തിച്ച് സ്‌കോര്‍ 1-0 ആക്കി.
എന്നാല്‍ മൊറോക്കോയുടെ ലീഡ് നീണ്ടുനിന്നില്ല. 32-ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമാറസിന്റെ പാസ് സ്വീകരിച്ച വിനീഷ്യസ് ജൂനിയര്‍ ഇടത് വിങ്ങിലൂടെ മുന്നേറി ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ ബോണോയെ കീഴടക്കി. ഇതോടെ സ്‌കോര്‍ 1-1 ആയി. ബ്രസീല്‍ ജേഴ്‌സിയിലെ വിനീഷ്യസിന്റെ 50-ാം മത്സരത്തിലെ 10-ാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ മൊറോക്കോ പ്രതിരോധത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബ്രസീലിന് ആക്രമണങ്ങളില്‍ മൂര്‍ച്ച കുറവായിരുന്നു. 78-ാം മിനിറ്റില്‍ റാഫീന്യക്ക് ലഭിച്ച മികച്ച അവസരം ബോണോ രക്ഷപ്പെടുത്തി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൊറോക്കോ വിജയഗോളിനടുത്തെത്തിയെങ്കിലും എല്‍ ഐനാവിയുടെ ഷോട്ട് അലിസണ്‍ മികച്ച രീതിയില്‍ തടഞ്ഞു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.


