വന്യമൃഗ ഭീഷണിയിൽ കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ

വന്യമൃഗ ഭീഷണിയിൽ കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ

കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ കടുത്ത വന്യമൃഗ ശല്യഭീഷണിയിലൂടെയാണ് ദിവസവും യാത്ര ചെയ്യുന്നത്. കോരുത്തോട് പഞ്ചായത്തിലെ മടുക്ക, കൊമ്പുകുത്തി മേഖലകളിലെ കുട്ടികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.

ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങൾ ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം രൂക്ഷമായ മേഖലയാണ്. എസ്റ്റേറ്റിലെ വിശാലമായ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ ശബരിമല വനമേഖലയിൽ നിന്നുള്ള വന്യമൃഗങ്ങൾ ഇവിടെ എത്തി തമ്പടിക്കുകയാണ്. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ടാക്സി ജീപ്പുകളിലോ ഓട്ടോറിക്ഷകളിലോ ആശ്രയിച്ചാണ് സ്കൂളിലെത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്ത സംഭവം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. തലനാരിഴയ്ക്കാണ് കുട്ടികൾ അന്ന് രക്ഷപ്പെട്ടത്.

വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്. നിരവധി കുടുംബങ്ങൾ വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു.

മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ ഇപ്പോൾ 93 കുട്ടികളാണ് പഠനം തുടരുന്നത്. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും സുരക്ഷാഭീഷണി വിദ്യാർഥി പ്രവേശനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സ്കൂൾ സമയങ്ങളിൽ പ്രത്യേക വനപട്രോളിംഗ് സംഘം നിയോഗിക്കുക, ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുക, വനാതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സ്കൂൾ അധികൃതരും നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നു.