രാജ്യത്തിന്റെ ആദ്യ സ്വകാര്യ ഓർബിറ്റൽ ബഹിരാകാശ റോക്കറ്റ് 'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു
രാജ്യത്തിന്റെ ആദ്യ സ്വകാര്യ ഓർബിറ്റൽ ബഹിരാകാശ റോക്കറ്റായ 'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു. 'മിഷൻ ആഗമൻ' എന്ന് പേരിട്ട ദൗത്യം ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് നടത്തിയത്.
രാവിലെ 11.30-നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. കൗണ്ട്ഡൗൺ പൂർത്തിയാകാൻ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ സാങ്കേതിക പരിശോധനകൾക്കായി കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവച്ചെങ്കിലും തുടർന്ന് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.
ഇൻ-സ്പേസിന്റെ (IN-SPACe) പിന്തുണയോടെയാണ് ദൗത്യം നടപ്പാക്കിയത്. ഇതുവരെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ വികസിപ്പിച്ച റോക്കറ്റുകളിലൂടെയായിരുന്നു. സ്വകാര്യ മേഖല വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്നതായാണ് വിലയിരുത്തൽ.
മൂന്ന് ഘട്ടങ്ങളുള്ള, പൂർണമായും ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റാണ് വിക്രം-1. 24 മീറ്റർ ഉയരമുള്ള റോക്കറ്റിന് 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയും. ആദ്യ പരീക്ഷണ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുകയാണ് ലക്ഷ്യം.
ആദ്യ പരീക്ഷണ വിക്ഷേപണമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം 15 മിനിറ്റും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും.
ജർമ്മനിയിൽ നിന്നുള്ളവ ഉൾപ്പെടെ നാല് പ്രധാന പേലോഡുകളാണ് ദൗത്യത്തിലുള്ളത്. കൂടാതെ കോസ്മോസ് ഡയമണ്ട്സിന്റെ 'കോസ്മിക് ബ്ലൂ' ആർട്ട്‌വർക്ക്, 18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച സി.വി. രാമൻ, വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മിനിയേച്ചർ രൂപങ്ങൾ, ലാബിൽ നിർമ്മിച്ച ഡയമണ്ട് ആഭരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ ആശംസാകാർഡുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





