ഭിന്നശേഷിക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി യാത്രാപാസ് വരുമാനപരിധി ഉയർത്തി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്ന യാത്രാ ഇളവിനുള്ള വാർഷിക വരുമാനപരിധി സർക്കാർ ഉയർത്തി. ഇതോടെ കൂടുതൽ അർഹരായ ഭിന്നശേഷിക്കാർക്ക് യാത്രാപാസിന്റെ ആനുകൂല്യം ലഭ്യമാകും.
നിലവിൽ 20,000 രൂപയായിരുന്ന വാർഷിക വരുമാനപരിധി 40,000 രൂപയായി വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
2024-ൽ 20,000 രൂപയായി നിശ്ചയിച്ചിരുന്ന വരുമാനപരിധി ഭിന്നശേഷിക്കാർക്ക് വലിയ തിരിച്ചടിയായിരുന്നുവെന്ന പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. സർക്കാർ നൽകുന്ന ഭിന്നശേഷി ക്ഷേമപെൻഷൻ മാത്രം വാർഷികമായി കണക്കാക്കിയാലും ഈ പരിധി കടക്കുന്നതിനാൽ, നിരവധി അർഹരായവർക്ക് യാത്രാപാസ് പുതുക്കാനോ പുതുതായി നേടാനോ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുകളെ സമീപിച്ചപ്പോൾ സർക്കാർ പെൻഷൻ വരുമാനമായി കണക്കാക്കി 20,000 രൂപയിൽ താഴെയുള്ള സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരുന്നത്. ഇതുമൂലം മറ്റ് വരുമാനമാർഗങ്ങളില്ലാത്ത നിരവധി ഭിന്നശേഷിക്കാർക്ക് യാത്രാ ഇളവ് നഷ്ടമായിരുന്നു.
വരുമാനപരിധി യാഥാർഥ്യബോധത്തോടെ ഉയർത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ കൂടുതൽ ഭിന്നശേഷിക്കാർക്ക് യാത്രാപാസിന് അപേക്ഷിക്കാനും ആനുകൂല്യം ലഭിക്കാനും സാധിക്കും.
അതേസമയം, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ മാതൃകയിൽ ഭിന്നശേഷിക്കാരെയും പൂർണ സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വിവിധ ഭിന്നശേഷി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.





