ഹൃദയം തകർക്കുന്ന ദുരന്തം; സാമ്പത്തിക ബാധ്യതയിൽ തളർന്ന് കുടുംബത്തിന്റെ ആത്മഹത്യാശ്രമം, അമ്മയും മകളും മരിച്ചു.
കോട്ടയം - ബ്യൂറോ
കോട്ടയം | കേരള ജേർണൽ
കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ ആത്മഹത്യാശ്രമത്തിൽ അമ്മയും മകളും മരണമടഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50), ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് കീടനാശിനി കഴിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നാലുപേരെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5.30-ഓടെ പ്ലസ് ടു വിദ്യാർഥിനിയായ മരിയ തെരേസ തോമസ് മരണത്തിന് കീഴടങ്ങി. തുടർന്ന് വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു.
തോമസ് എബ്രാഹവും മകൻ അലൻ തോമസും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തോമസ് കർഷകനും ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയുമാണ്. മരിയ തെരേസ തോമസ് മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.





