കേരളത്തിന് നിരാശ സമ്മാനിച്ച് കേന്ദ്ര ബജറ്റ്

എയിംസിനും അതിവേഗ റെയിൽപാതയ്ക്കും പ്രഖ്യാപനമില്ല

കേരളത്തിന് നിരാശ സമ്മാനിച്ച് കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും അതിവേഗ റെയിൽപാതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു പ്രഖ്യാപനവും ഇല്ലാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന് സമ്പൂർണ നിരാശയായി. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതോടെ കേരളത്തെ തഴഞ്ഞുവെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്.

വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ ബജറ്റ് പ്രസംഗം അവസാനിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിന് ലഭിച്ച പ്രധാന പ്രഖ്യാപനം: അപൂർവ്വ ധാതു കോറിഡോർ

Slide 1
Slide 2
Slide 3
Slide 4

കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അപൂർവ്വ ധാതുക്കളുടെ കോറിഡോർ പ്രഖ്യാപിച്ചതാണ് കേരളവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനം. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി രൂപീകരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലാമ സംരക്ഷണത്തിനായി കേരളത്തിലും കർണ്ണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിൽ കടലാമ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സംസ്ഥാനങ്ങൾക്ക് പദ്ധതിവിഹിതം 50 ശതമാനം ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.

ബജറ്റിലെ പ്രധാന പദ്ധതികൾ

സുസ്ഥിര വളർച്ചയും ജനപങ്കാളിത്തവും ഉറപ്പാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ആഗോള ബയോ ഫാർമ ഉത്പാദന ഹബ്ബായി ഇന്ത്യയെ മാറ്റുക, സെമി കണ്ടക്ടർ മിഷന് 40,000 കോടി, ചെറുകിട വ്യവസായത്തിന് 10,000 കോടി, ടെക്സ്റ്റൈൽ മേഖലയ്ക്ക് അഞ്ച് പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

കായിക ഉപകരണ നിർമ്മാണത്തിന് പ്രത്യേക പദ്ധതി, ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികൾ, അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ, എല്ലാ ജില്ലകളിലും വനിത ഹോസ്റ്റലുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

ജനക്ഷേമ നടപടികളും നികുതി ഇളവുകളും

അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയുമെന്ന പ്രഖ്യാപനം ജനങ്ങൾക്ക് ആശ്വാസമായി. വിദേശ വിനോദയാത്ര പാക്കേജിനും വിദേശ വിദ്യാഭ്യാസത്തിനുമായി ഈടാക്കുന്ന ടിസിഎസ് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. ഇതോടെ വിദേശത്ത് പഠിക്കുന്ന കുട്ടികൾക്കായി പണമയക്കുന്ന മാതാപിതാക്കൾക്ക് ഗുണമാകും.

വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയതും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടിയതും ബജറ്റിലെ ശ്രദ്ധേയ തീരുമാനങ്ങളാണ്.

ഡേറ്റ സെന്റർ സ്ഥാപിച്ച് ക്ലൗഡ് സേവനം നൽകുന്ന കമ്പനികൾക്ക് 2047 വരെ നികുതി ഇളവ്, 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കൽ, അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾക്ക് നികുതി ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായി.

ടൂറിസം, വിദ്യാഭ്യാസ മേഖലകൾക്കും പരിഗണന

ടൂറിസം രംഗത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കുമെന്നും 10,000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.