പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഫലം ജൂൺ 29ന് രാവിലെ 11 മണി മുതൽ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മുതൽ ജൂലൈ 3 വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.
അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in� ലെ Candidate Login - SWS വിഭാഗത്തിലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്കൂളിൽ രക്ഷിതാവിനൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഹാജരാകണം.
അലോട്ട്‌മെന്റ് ലെറ്റർ പ്രവേശനം ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് നൽകും. നേരത്തെ രണ്ട് അലോട്ട്‌മെന്റുകളിലും താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പുതിയ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.
താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇനി ഹയർ ഓപ്ഷൻ നിലനിർത്താനുള്ള അവസരം ഉണ്ടായിരിക്കില്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.
അലോട്ട്‌മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും ജൂലൈ 3 വൈകിട്ട് 5 മണിക്ക് മുൻപായി രക്ഷിതാക്കളോടൊപ്പം സ്കൂളുകളിൽ ഹാജരായി പ്രവേശനം പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.



