കട്ടപ്പന നഗരത്തിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ; പുതിയ ഗതാഗത ക്രമീകരണങ്ങളുമായി നഗരസഭ
കട്ടപ്പന നഗരസഭയിൽ സംയുക്ത ട്രാഫിക് കമ്മിറ്റി യോഗം ചേർന്ന് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾക്ക് അന്തിമ രൂപം നൽകി. കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ഒന്നാം ഘട്ട ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യാപാരി സമൂഹത്തിന്റെയും ബസ് ഓണേഴ്സ് അസോസിയേഷന്റെയും നഗരസഭ അധികൃതരുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. പോലീസിന്റെ സഹകരണത്തോടെയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.
വെള്ളയാംകുടി–കക്കാട്ടുകട റോഡ് പൂർത്തിയായ സാഹചര്യത്തിൽ ഇതുവഴി വാഹനങ്ങൾ തിരിച്ചുവിടും. ഇടുക്കി ഭാഗത്തുനിന്ന് ഏലപ്പാറ–കോട്ടയം റൂട്ടിലേക്കുള്ള വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തിരിഞ്ഞുപോകുന്നതിനായി ദിശാബോർഡുകൾ സ്ഥാപിക്കും. കക്കാട്ടുകട ഭാഗത്തും വിവിധ റൂട്ടുകളിലേക്കുള്ള വഴികാട്ടി ബോർഡുകൾ സ്ഥാപിക്കും.
ഇടുക്കിക്കവലയിൽ നിന്ന് ടൗണിലേക്ക് വരുന്ന റോഡിൽ ബൈപ്പാസിലേക്ക് റൈറ്റ് ടേൺ അനുവദിക്കില്ല. ബൈപ്പാസിൽ നിന്ന് മെയിൻ റോഡിലേക്കും റൈറ്റ് ടേൺ അനുവദിക്കില്ല.
അശോക കവലയുടെ താഴെയുള്ള സീബ്രാ ലൈൻ ഒഴിവാക്കാനും നിലവിലുള്ള സീബ്രാ ലൈനുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് താഴേക്കുള്ള ഭാഗത്തും സ്കൂൾ കവലയിലും പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും.
ബസ് സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുത്തും. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് ജിഎസ്ടി ഓഫീസിന് മുന്നിലേക്കും സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കൊല്ലംകുടി ബിൽഡിംഗ് ഭാഗത്തേക്കും മാറ്റും. ഇടുക്കി, ഏലപ്പാറ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറ്റും. ഇരട്ടയാർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മുന്നോട്ടും ഗുരുമന്ദിരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പിന്നോട്ടും മാറ്റും.
സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പൂർണമായും ഒഴിവാക്കും. യാത്രക്കാർ പുതിയ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കിക്കവല മുതൽ മുസ്ലിം പള്ളി വരെയും അശോക ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും റോഡരികിലെ അനധികൃത പാർക്കിംഗും ഗതാഗത തടസ്സങ്ങളും നീക്കം ചെയ്യും.
കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി പോകുന്ന നെടുങ്കണ്ടം–കുമളി റൂട്ടിലെ ബസുകൾ ഇനി മുതൽ മുനിസിപ്പൽ റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി യാത്ര തുടരും. എറണാകുളം–തൊടുപുഴ റൂട്ടിലെ ബസുകൾ പള്ളിക്കവല വഴി ബൈപ്പാസിലൂടെ ഇടുക്കിക്കവലയിലെത്തും.
ട്രഷറി ജംഗ്ഷൻ റോഡ് വൺവേ ആക്കാനും തീരുമാനിച്ചു. ജൂലൈ 30നകം പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് 1 മുതൽ പുതിയ ട്രാഫിക് സംവിധാനം നിലവിൽ വരും.


