ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്
ഇടുക്കി: അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 അടി കുറവാണ്.
നിലവിൽ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ജലനിരപ്പ് ഉയർന്നത് നാല് അടി മാത്രം. ജൂണിൽ ഇടുക്കിയിൽ ലഭിച്ചത് 342 മില്ലിമീറ്റർ മഴ മാത്രമാണ്. ശക്തമായ മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉൽപാദനത്തെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ജലനിരപ്പ് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴെയായാൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം നിർത്തേണ്ട സാഹചര്യമുണ്ടാകും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ 12 ദശലക്ഷം യൂണിറ്റ് വരെ ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കുറവ്.
ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. അതേസമയം, വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. ലഭ്യതയും ആവശ്യകതയും സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് തീരുമാനം.


