ഇപിഎഫ് നിയമങ്ങളിൽ വൻ മാറ്റം; ഉയർന്ന ശമ്പളക്കാർക്ക് ഇനി കൂടുതൽ ഇളവ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) പദ്ധതിയിൽ കേന്ദ്ര സർക്കാർ നിർണായക ഭേദഗതികൾ നടപ്പാക്കി. 2026-ലെ പുതിയ ചട്ടങ്ങൾ പ്രകാരം, പ്രതിമാസം 15,000 രൂപ വരെയുള്ള അടിസ്ഥാന ശമ്പളത്തിന് മാത്രമായിരിക്കും ഇനി നിർബന്ധിത ഇപിഎഫ് വിഹിതം ബാധകമാകുക.
15,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് അതിന് മുകളിലുള്ള തുകയ്ക്കും ഇപിഎഫ് വിഹിതം നൽകണമെങ്കിൽ തൊഴിലുടമയും ജീവനക്കാരനും പരസ്പര സമ്മതം നൽകണം. അതായത്, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പിഎഫ് സംഭാവന തുടരണമോ എന്നത് ഇനി ഇരുകൂട്ടരുടെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും.
പുതിയ ചട്ടങ്ങൾ പ്രകാരം പിഎഫ് ഭാഗികമായി പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ 13 വിഭാഗങ്ങളിൽ നിന്ന് മൂന്ന് പ്രധാന വിഭാഗങ്ങളായി ചുരുക്കി. ഇതോടെ ക്ലെയിം നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാകുമെന്നാണ് പ്രതീക്ഷ. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും അംഗത്വം, അക്കൗണ്ട് കൈമാറ്റം, രേഖാ പരിപാലനം എന്നിവ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനും പുതിയ പദ്ധതി പ്രാധാന്യം നൽകുന്നു.
അതേസമയം, 1995-ലെ എംപ്ലോയീസ് പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വിഹിതം നൽകാൻ അനുമതിയുള്ള ജീവനക്കാർക്ക്, ശമ്പളപരിധിക്ക് മുകളിലുള്ള തുകയ്ക്കും പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകാമെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.
ഈ മാറ്റത്തോടെ ഉയർന്ന ശമ്പളമുള്ള ജീവനക്കാർക്ക് പിഎഫ് സംഭാവനയിൽ കൂടുതൽ ഇളവും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൈയിൽ കൂടുതൽ ശമ്പളം ലഭിക്കണമെന്ന ആഗ്രഹമുള്ളവർക്ക് നിർബന്ധിത ഇപിഎഫ് വിഹിതം 15,000 രൂപയുടെ അടിസ്ഥാനത്തിൽ മാത്രം പരിമിതപ്പെടുത്താനും അവസരമുണ്ടാകും.


