'റിവേഴ്സ് റെമിറ്റൻസ് ' കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കുന്നു; വിശദ പഠനം വേണമെന്ന് വി.ഡി. സതീശൻ

'റിവേഴ്സ് റെമിറ്റൻസ് ' കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കുന്നു; വിശദ പഠനം വേണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകമായി 'റിവേഴ്സ് റെമിറ്റൻസ്' മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സമ്പാദിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഡിജിറ്റൽ മാർഗങ്ങളിലൂടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ അയയ്ക്കുന്നത് സംസ്ഥാനത്തെ പണലഭ്യതയെയും സാമ്പത്തിക ചലനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കറൻസി ഒരാളുടെ കൈയിൽ നിന്ന് മറ്റൊരാളുടെ കൈയിലേക്ക് കൈമാറപ്പെടുന്ന വിനിമയമാധ്യമമാണെന്നും, അത് സംസ്ഥാനത്തിനുള്ളിൽ പ്രചരിക്കാതെ പുറത്തേക്ക് ഒഴുകുമ്പോൾ പണലഭ്യത കുറയുകയും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

പ്രവാസി മലയാളികൾ വിദേശത്ത് നിന്ന് കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തെക്കുറിച്ച് നാം അഭിമാനത്തോടെ സംസാരിക്കാറുണ്ടെങ്കിലും, കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവ് ഗൗരവമായി പഠിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിലവിൽ 40 മുതൽ 50 ലക്ഷം വരെ ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചതോറും ലഭിക്കുന്ന വേതനത്തിന്റെ ഭൂരിഭാഗവും അവർ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളായ ഗൂഗിൾ പേ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഉടൻ തന്നെ സ്വന്തം നാട്ടിലേക്ക് അയയ്ക്കുകയാണ്. വളരെ കുറഞ്ഞ ചെലവിൽ ജീവിക്കുന്നതിനാൽ അവരുടെ വരുമാനത്തിന്റെ വലിയൊരു വിഹിതം കേരളത്തിന് പുറത്തേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുമ്പ് കേരളത്തിലെ നിർമാണമേഖലയിൽ ചെലവഴിച്ച തുകയുടെ വലിയൊരു പങ്ക് പ്രാദേശിക തൊഴിലാളികളുടെ കൈകളിലെത്തി സംസ്ഥാനത്തിനുള്ളിൽ തന്നെ സാമ്പത്തിക ചലനം സൃഷ്ടിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് നിർമാണമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായുള്ളത്. അതിനാൽ വേതനമായി നൽകുന്ന പണത്തിന്റെ വലിയൊരു പങ്ക് കേരളത്തിൽ പ്രചരിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതര സംസ്ഥാന തൊഴിലാളികളെ ഒഴിവാക്കാനോ ആ ജോലികൾ പ്രാദേശിക തൊഴിലാളികൾ ഏറ്റെടുക്കാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതിനാൽ 'റിവേഴ്സ് റെമിറ്റൻസ്' കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിക്കുന്നുവെന്ന് സർക്കാർ വിശദമായി പഠിച്ച് ആവശ്യമായ നയപരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു.