കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട്
കേരളത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ ജൂലൈ 5 വരെ കേരളത്തിലും മാഹിയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിൽ ജൂലൈ 1 മുതൽ 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


