തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ നെഞ്ചുവേദനയെയും ശാരീരിക അസ്വാസ്ഥ്യത്തെയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലും ദ്വാരപാലക വിഗ്രഹങ്ങളിലും ഉണ്ടായിരുന്ന സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ എ. പത്മകുമാർ പ്രതിയാണ്.
കേസിൽ പ്രത്യേക അന്വേഷണ സംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം ജയിൽ മോചിതനായത്.അസുഖം ഭേദമായാൽ ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.


