ഇന്ധന വില കുറച്ച് നയാര എനർജി
രാജ്യത്ത് ഇന്ധന വില കുറച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കമ്പനി കുറച്ചത്. ജൂലൈ ഒന്ന് മുതൽ പുതുക്കിയ നിരക്കിലായിരിക്കും ഇന്ധനം ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു.
നയാരയുടെ വിലക്കുറവിനെ തുടർന്ന് മറ്റ് പ്രധാന എണ്ണ കമ്പനികളും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നപ്പോൾ ഇന്ത്യയിലെ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വില നാല് തവണ വർധിപ്പിച്ചിരുന്നു. എന്നാൽ യുദ്ധ സാഹചര്യം അവസാനിക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് 72 ഡോളറിലേക്ക് താഴുകയും ചെയ്തിട്ടും വില കുറയ്ക്കാൻ മറ്റ് കമ്പനികൾ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് നയാര എനർജിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. ഇത് മറ്റ് എണ്ണ കമ്പനികളിൽ വില കുറയ്ക്കാനുള്ള സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മാർച്ചിൽ നയാര എനർജി പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയിൽ മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ പെട്രോൾ വിലയിൽ ഏകദേശം എട്ട് രൂപ വരെ വർധിപ്പിച്ചിരുന്നു. ഇത് അവശ്യവസ്തുക്കളുടെ വില വർധനയ്ക്കും കാരണമായിരുന്നു.


