സെൻസസ് 2027: വീടുകളിലെത്തിയുള്ള വിവരശേഖരണത്തിന് തുടക്കം
ദേശീയ സെൻസസ് 2027-ന്റെ ഭാഗമായി വീടുകളിലെത്തിയുള്ള വിവരശേഖരണത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് നടക്കുന്നത്.
എന്യൂമറേറ്റർമാർക്ക് അനുവദിച്ചിരിക്കുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ (എച്ച്.എൽ.ബി.) ലേ-ഔട്ട് മാപ്പ് വരും ദിവസങ്ങളിൽ തയ്യാറാക്കും. തുടർന്ന് ഓരോ വീടുകളിലുമെത്തി വിവരങ്ങൾ ശേഖരിക്കും.
സ്വയം വിവരങ്ങൾ ഓൺലൈനായി (സെൽഫ് എന്യൂമറേഷൻ) നൽകിയ കുടുംബങ്ങളുടെ സെൽഫ് എന്യൂമറേഷൻ ഐഡി പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമാണ് എന്യൂമറേറ്റർമാർ നടപടികൾ പൂർത്തിയാക്കുക. സെൽഫ് എന്യൂമറേഷൻ നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി രേഖപ്പെടുത്തും.
ആദ്യഘട്ട വിവരശേഖരണം ജൂലൈ 31 വരെ തുടരും. ദേശീയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള ഈ പ്രവർത്തനത്തിന് പൊതുജനങ്ങൾ പൂർണ സഹകരണം നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു.


