ഓപ്പറേഷൻ തൂഫാൻ: തൊടുപുഴയിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ പിടിയിൽ
തൊടുപുഴ ബ്യൂറോ
തൊടുപുഴ: ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി തൊടുപുഴയിൽ വൻ ലഹരിവേട്ട. 'ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ ഡിവൈഎസ്പിയുടെ (DySP) നേതൃത്വത്തിലുള്ള, ഡാൻസാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ വലയിലായത്.
മട്ടന്നൂർ സ്വദേശി അജിനാസ്, കൊല്ലം സ്വദേശി സജിത്ത് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വലിയ തോതിലുള്ള ലഹരിമരുന്നുകൾ പോലീസ് കണ്ടെടുത്തു.പ്രതികളിൽ നിന്ന് 5 എൽ.എസ്.ഡി (LSD) സ്റ്റാമ്പുകളും, 1.9 ഗ്രാം അതീവ മാരകമായ ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇടുക്കി ജില്ലയിൽ ഇത്രയും വലിയ കോമേഴ്സ്യൽ അളവിൽ ഇത്തരം മാരക സിന്തറ്റിക് ലഹരിമരുന്നുകൾ പിടികൂടുന്നത് ഇതാദ്യമായാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ലഹരി വിരുദ്ധ സ്ക്വാഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. പിടിയിലായ യുവാക്കൾക്ക് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, തൊടുപുഴയിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണോ ഇവർ ലഹരിമരുന്നുകൾ എത്തിച്ചതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിലും 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


