കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി; ജനപങ്കാളിത്തത്തോടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി; ജനപങ്കാളിത്തത്തോടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി

കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനവും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (TMC) രൂപീകരിക്കാൻ സർക്കാർ ഉത്തരവായി.

Slide 1
Slide 2
Slide 3
Slide 4

ഡിപ്പോകളിലെ ശുചിത്വം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങൾ, കാന്റീൻ സേവനങ്ങളുടെ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കമ്മിറ്റികളുടെ രൂപീകരണം.

Slide 1
Slide 2
Slide 3
Slide 4

പ്രാദേശിക എം.എൽ.എ അധ്യക്ഷനായിരിക്കും. പ്രാദേശിക ലോക്സഭാംഗം അല്ലെങ്കിൽ പ്രതിനിധി, ഡിപ്പോ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന അധ്യക്ഷൻ, വാർഡ് അംഗം, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി സി.എം.ഡി നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കും. യൂണിറ്റ് ഓഫീസർ കൺവീനറായിരിക്കും. എം.എൽ.എയുടെ അഭാവത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.

ഡിപ്പോ വികസനത്തിനായി പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, CSR ഫണ്ട് എന്നിവ സ്വീകരിക്കുന്നതിനും കമ്മിറ്റിക്ക് അനുമതിയുണ്ട്. ഇതിനായി ഷെഡ്യൂൾഡ് ബാങ്കിൽ കൺവീനറും സി.എം.ഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനും സംയുക്തമായി അക്കൗണ്ട് തുറക്കും.

നിർമാണ-അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ കമ്മിറ്റി ഏറ്റെടുക്കും. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് നടത്തി സമർപ്പിക്കുകയും വേണം. മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും കമ്മിറ്റി യോഗം ചേരും.

പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഡിപ്പോകളുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കെ.എസ്.ആർ.ടി.സിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മികച്ച സേവനാനുഭവം ഒരുക്കുന്നതിനും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ നിർണായക ചുവടുവയ്പ്പാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.