മലങ്കര ഡാമിലെ ആറ് ഷട്ടറുകളും തുറക്കും; നദീതീരവാസികൾക്ക് ജാഗ്രതാനിർദേശം
ഇടുക്കി–മുട്ടം മേഖലയിലെ മലങ്കര ഡാമിന്റെ ജലനിരപ്പ് കുറയ്ക്കുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡാമിലെ ആറ് ഷട്ടറുകളും ഘട്ടംഘട്ടമായി 200 സെന്റിമീറ്റർ വരെ ഉയർത്തി തുറക്കാൻ തീരുമാനിച്ചു.
ഡാമിന്റെ അപ്സ്ട്രീം ഭാഗത്ത് കാഞ്ഞാർ പാലത്തിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് (PWD Bridges) നിർമ്മിച്ചുവരുന്ന നടപ്പാലത്തിന്റെ പിയർ ഫൗണ്ടേഷൻ നിർമാണം സുഗമമാക്കുന്നതിനാണ് ജലനിരപ്പ് നിലവിലെ +38.36 മീറ്ററിൽ നിന്ന് +37.00 മീറ്ററിലേക്ക് താഴ്ത്താൻ തീരുമാനിച്ചത്. ഇടുക്കി എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകൾ 150 സെന്റിമീറ്ററും ഒരു ഷട്ടർ 100 സെന്റിമീറ്ററും ഉയർത്തി തുറന്നിരിക്കുകയാണ്. ജലനിരപ്പ് കൂടുതൽ കുറയ്ക്കുന്നതിനായി ശേഷിക്കുന്ന ഷട്ടറുകളും ഘട്ടംഘട്ടമായി തുറക്കും.
തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ നിലവിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് താഴെയായതിനാൽ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അധികജലം സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
എന്നിരുന്നാലും, ഡാമിന്റെ താഴ്ഭാഗങ്ങളിലെ നദീതീരവാസികൾ, മത്സ്യത്തൊഴിലാളികൾ, മണൽവാരൽ തൊഴിലാളികൾ, കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കായോ നദിയിലിറങ്ങുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.





