പീരുമേട് താലൂക്ക് ആശുപത്രിക്കെതിരായ വ്യാജപ്രചരണത്തിൽ പ്രതിഷേധം
താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
പീരുമേട് താലൂക്ക് ആശുപത്രിക്കും ജീവനക്കാർക്കും എതിരെ ഉയർന്നുവരുന്ന വ്യാജപ്രചാരണങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ആരോപിച്ച് താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണുള്ളതെങ്കിലും ഒ.പി, ഐ.പി, അത്യാഹിത വിഭാഗം, ശസ്ത്രക്രിയകൾ, പ്രസവ സേവനങ്ങൾ, ഓഫീസ് പ്രവർത്തനങ്ങൾ, ഇൻഷുറൻസ് കൗണ്ടർ സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി.
സൂപ്രണ്ടിന്റെ നിർദേശപ്രകാരം അധിക ജോലിഭാരം ഏറ്റെടുത്ത് എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർ കൂട്ടായ്മയോടെയാണ് സേവനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ആത്മാർഥമായി സേവനം ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രാഷ്ട്രീയ ഇടപെടലുകളും വസ്തുതാവിരുദ്ധമായ വ്യാജപ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.





