കല്യാണത്തണ്ട് മലനിരകളിൽ വീണ്ടും നീല വസന്തം; മേട്ടുകുറിഞ്ഞി പൂവിട്ട് തുടങ്ങി
കട്ടപ്പന: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കട്ടപ്പനയിലെ കല്യാണത്തണ്ട് മലനിരകളിൽ മേട്ടുകുറിഞ്ഞി വീണ്ടും പൂവിട്ട് തുടങ്ങി. വീണ്ടും ഒരു കുറിഞ്ഞിക്കാലത്തിന് മലനിരകൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ, മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾക്കും ഇത് വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷ.
കട്ടപ്പന നഗരത്തോട് ചേർന്നുള്ള സമുദ്രനിരപ്പിൽ നിന്ന് ഉയരമുള്ള കല്യാണത്തണ്ട് മലനിരകളിലെ നിർമ്മല സിറ്റി–കല്യാണത്തണ്ട് പ്രദേശങ്ങളിലും വാഴവര കൗണ്ടി മേഖലയിലെ പാറയിടുക്കുകളിലും പുൽമേടുകളിലുമാണ് മേട്ടുകുറിഞ്ഞി ഇപ്പോൾ മൊട്ടിട്ടുനിൽക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നീലയും പർപ്പിളും നിറങ്ങൾ കലർന്ന പൂക്കളാൽ മലനിരകൾ ആകെ മൂടപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇടുക്കി ജലാശയത്തിന്റെ മനോഹര പശ്ചാത്തലവും കോടമഞ്ഞും തണുത്ത കാറ്റും കുറിഞ്ഞിപ്പൂക്കളുടെ അപൂർവ ഭംഗിയും ഒരുമിക്കുമ്പോൾ കല്യാണത്തണ്ട് സഞ്ചാരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്ന കാഴ്ചയായി മാറും.
കോടമഞ്ഞും മലനിരകളുടെ സൗന്ദര്യവും ആസ്വദിക്കാൻ ഇതിനോടകം തന്നെ നിരവധി പേർ കല്യാണത്തണ്ടിലെത്തുന്നുണ്ട്. മേട്ടുകുറിഞ്ഞി പൂർണമായി വിരിയുന്നതോടെ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഓണക്കാലത്തോട് അനുബന്ധിച്ച് മലനിരകൾ പൂന്തോപ്പായി മാറുന്നതും ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.





